Thursday 1 September 2022

സി.വി. നീലകണ്‌ഠന്‍ നമ്പൂതിരി അന്തരിച്ചു

കൂത്താട്ടുകുളം: ആര്‍ദ്രത ചാരിറ്റബിള്‍ ട്രസ്‌റ്റ്‌ പ്രസിഡന്റ്‌‌ സി.വി. നീലകണ്‌ഠന്‍ നമ്പൂതിരി അന്തരിച്ചു. 

കൂത്താട്ടുകുളം ദേവമാതാ ആശുപത്രിയില്‍ ഓഗസ്റ്റ് 31ബുധനാഴ്ച രാത്രി പത്തേമുക്കാൽ മണിയോടെയാണ് അന്ത്യം സംഭവിച്ചത്. അർബുദ രോഗബാധിതനായി ചികിൽസയിലായിരുന്നു. 77 വയസ്സായിരുന്നു.

 സംസ്കാരം പിറ്റേന്നു വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് രണ്ടരയ്ക്കു് കൂത്താട്ടുകുളം കാരമല പൂവക്കുളം ചിറയ്ക്കാമറ്റത്ത് വീട്ടുവളപ്പിൽ നടന്നു. സമാജവാദി ജനപരിഷത്ത് ദേശീയ ഉപാദ്ധ്യക്ഷൻ ജോഷി ജേക്കബ്, സംസ്ഥാന സെക്രട്ടറി അഡ്വ. ജയിമോൻ തങ്കച്ചൻതുടങ്ങിയവർ സംസ്കാരച്ചടങ്ങിൽ പങ്കെടുത്തു.

ക്യാന്‍സര്‍ പ്രതിരോധ പഠനസദസ്സ്‌ ചിത്രങ്ങള്‍

Add caption



Sunday 28 June 2015

ക്യാന്‍സര്‍ പ്രതിരോധ പഠനസദസ്സ്‌ നടന്നു

ആര്‍ദ്രത ചാരിറ്റബിള്‍ ട്രസ്‌റ്റിന്റെയും പ്രകൃതിജീവന സമിതിയുടെയും സംയുക്ത ആഭിമുഖ്യത്തില്‍‌ വിവിധ ചികില്‍സാശാഖകളിലെ വിദഗ്‌ദ്ധര്‍ പങ്കെടുത്ത ക്യാന്‍സര്‍ പ്രതിരോധ പഠനസദസ്സ്‌ കൂത്താട്ടുകുളം വ്യാപാരഭവന്‍ ഓഡിറ്റോറിയത്തില്‍‌ ശ്രീധരീയം മാനേജിങ്‌ ഡയറക്‌റ്റര്‍ ഡോ. എന്‍.പി.പി. നമ്പൂതിരി ഉദ്‌ഘാടനം ചെയ്യുന്നു. ഡോ. കെ. ബിനോയ്‌ ,ഡോ. മെറീന രാജന്‍ ജോസഫ് ,എബി ജോണ്‍ വന്‍നിലം, സി എ തങ്കച്ചന്‍,സി.വി. നീലകണ്‌ഠന്‍ നമ്പൂതിരി,മോഹനന്‍ വൈദ്യര്‍, പി.ആര്‍. വിജയകുമാര്‍ എന്നിവര്‍ സമീപം.


കൂത്താട്ടുകുളം, 2015 ജൂണ്‍ 28--
ക്യാന്‍സറും വൃക്കരോഗങ്ങളും പോലുള്ള രോഗങ്ങളേറിവരുന്നതിനു് ജീവിതശൈലി കാരണമായിവരുന്നുവെന്ന അവബോധമുണ്ടാക്കേണ്ടതു്‌ അനിവാര്യമായിരിയ്‌ക്കുകയാണെന്നു്‌ ശ്രീധരീയം മാനേജിങ്‌ ഡയറക്‌റ്റര്‍ ഡോ. എന്‍.പി.പി. നമ്പൂതിരി പ്രസ്‌താവിച്ചു. ക്യാന്‍സര്‍ വരാതിരിയ്‌ക്കാന്‍ എന്തുചെയ്യണമെന്നും വന്നാല്‍ എന്തുചെയ്യണമെന്നുമുള്ളവിഷയത്തില്‍ അലോപ്പതി ആയുര്‍വേദം പ്രകൃതിജീവനശാസ്‌ത്രം എന്നീ ചികില്‍സാശാഖകളിലെ വിദഗ്‌ദ്ധര്‍ പങ്കെടുത്ത പഠനസദസ്സ്‌ കൂത്താട്ടുകുളം വ്യാപാരഭവന്‍ ഓഡിറ്റോറിയത്തില്‍ ഉദ്‌ഘാടനം ചെയ്‌തു് സംസാരിയ്ക്കുകയായിരുന്നു അദ്ദേഹം. ആര്‍ദ്രത ചാരിറ്റബിള്‍ ട്രസ്‌റ്റിന്റെയും പ്രകൃതിജീവന സമിതിയുടെയും സംയുക്ത ആഭിമുഖ്യത്തിലായിരുന്നു‌ പഠനസദസ്സ്‌‌.

ആധുനിക നാഗരികതയും വന്‍കിട വ്യവസായങ്ങളും വ്യവസായമാലിന്യങ്ങളും മനുഷ്യനെയും മറ്റു ജീവജാലങ്ങളെയും ദോഷകരമായി ബാധിയ്‌ക്കുന്നതിന്റെ ഉദാഹരണമാണു്‌ ക്യാന്‍സര്‍ കൂടിവരുന്നതെന്നു്‌ ദേശീയ കിസാന്‍ സമന്വയ സമിതിയംഗവും കേരള കര്‍ഷകമുന്നണി അദ്ധ്യക്ഷനുമായ അഡ്വ. ജോഷി ജേക്കബ്‌ പറഞ്ഞു. പലവശങ്ങളിലൂടെ കാണുമ്പോഴാണു് അര്‍ബുദ രോഗത്തെ നേരിടേണ്ടതിന്റെ ശരിയായ ചിത്രം കിട്ടുന്നതെന്നു് ഡോ. കെ. ബിനോയ്‌ പറഞ്ഞു‌.

മോഹനന്‍ വൈദ്യര്‍ (ആയുര്‍വേദം), കോലഞ്ചേരി മെഡിക്കല്‍ കോളെജിലെ പ്രിവന്റീവ്‌ മെഡിസിന്‍ പ്രൊഫസര്‍ ഡോ. മെറീന രാജന്‍ ജോസഫ് (അലോപ്പതി), എം. കുര്യന്‍ (പ്രകൃതിജീവന ശാസ്‌ത്രം) എന്നിവര്‍ ക്ലാസ്സുകള്‍ നയിച്ചു. എന്നും എല്ലാവരിലും ക്യാന്‍സര്‍ കോശങ്ങളുണ്ടാകുകയും വിഭജിച്ചുകൊണ്ടിരിയ്‌ക്കുകയും ചെയ്യുന്നുവെന്നും രോഗപ്രതിരോധശേഷികുറയുമ്പോഴാണു്‌ രോഗമായ ക്യാന്‍സറായി അതു്‌ മാറുന്നതെന്നും ഡോ. മെറീന രാജന്‍ ജോസഫ് പറഞ്ഞു‌. ജീവിതശൈലിയില്‍ വന്ന വ്യത്യാസം കൊണ്ടു്‌ ക്യാന്‍സര്‍ രോഗം കൂടിയിട്ടുണ്ടു്‌. മുമ്പ്‌ പ്രായമായവരിലായിരുന്നുവെങ്കില്‍ ഇപ്പോള്‍ കുട്ടികളിലും കാണപ്പെടുന്നുവെന്ന മാറ്റമുണ്ടു്‌. ആരോഗ്യകരമായ ജീവിതശൈലിയും ഭക്ഷണശൈലിയും സ്വീകരിയ്‌ക്കുന്നതു്‌ രോഗപ്രതിരോധശേഷി വര്‍ദ്ധിപ്പിയ്‌ക്കും, അവര്‍ ചൂണ്ടിക്കാട്ടി.

മായവും വിഷവും കലര്‍ന്ന ഭക്ഷണം നിരന്തരം കഴിയ്ക്കുന്നതു് അര്‍ബുദരോഗികള്‍ ഏറിവരാന്‍ കാരണമാകുന്നുവെന്നു് മോഹനന്‍ വൈദ്യര്‍ (ചേര്‍ത്തല) വ്യക്തമാക്കി‌. എല്ലാവരും കൃഷിയാരംഭിയ്ക്കുകയല്ലാതെ വഴിയില്ല. ആയുര്‍വേദ മരുന്നുകളില്‍ പോലും മായവും വ്യാജനുമുണ്ടു്, അദ്ദേഹം എടുത്തുപറഞ്ഞു. ഭക്ഷണരീതികള്‍, ജീവിതചര്യകള്‍, സാഹചര്യങ്ങള്‍, പാചകമുറകള്‍, പാത്രങ്ങള്‍ എന്നിവശ്രദ്ധിച്ചാല്‍ ക്യാന്‍സര്‍ സാദ്ധ്യത നല്ലൊരളവുവരെ കുറയ്ക്കാന്‍ കഴിയുമെന്നു് എം. കുര്യന്‍ (കോട്ടയം) പറഞ്ഞു‌. അലുമിനിയം പാത്രങ്ങളില്‍ പാചകം പാടില്ലെന്നും ഉപ്പ്, പുളി, മോര്, തൈര് എന്നിവ സ്റ്റീല്‍ പാത്രങ്ങളില്‍ ഉപയോഗിയ്ക്കരുതെന്നും കല്‍ചട്ടികളും മണ്‍‍പാത്രങ്ങളുമാണു് നല്ലതെന്നും അദ്ദേഹം വിശദീകരിച്ചു.

ആര്‍ദ്രത ചാരിറ്റബിള്‍ ട്രസ്‌റ്റ്‌ പ്രസിഡന്റ്‌‌ സി.വി. നീലകണ്‌ഠന്‍ നമ്പൂതിരിഅദ്ധ്യക്ഷത വഹിച്ചു. ഡോ. സേതുരാമന്‍ (മധുര), സി എ തങ്കച്ചന്‍,പി.സി. മേരി, എബി ജോണ്‍ വന്‍നിലം, ആദിത്യന്‍ നമ്പൂതിരി, പി.ആര്‍. വിജയകുമാര്‍, അഡ്വ. ജയ്‌മോന്‍ തങ്കച്ചന്‍ എന്നിവര്‍ സംസാരിച്ചു. പാലക്കുഴ ഗവണ്‍മെന്റ് ഹയര്‍ സെക്കന്ററി സ്കൂളിലെ വിദ്യാര്‍ത്ഥികള്‍ പ്രാരംഭ പ്രാര്‍ത്ഥനാഗീതം ആലപിച്ചു. അവിടത്തെ നാഷണല്‍ സര്‍വീസ് സ്കീം വോളന്റിയര്‍മാര്‍ പരിപാടിയില്‍ സഹകരിച്ചു. ഉച്ചഭക്ഷണത്തോടെ സമാപിച്ചു.

സി.എ. തങ്കച്ചന്‍, പി.സി. മേരി, എബി ജോണ്‍ വന്‍നിലം, ആദിത്യന്‍ നമ്പൂതിരി, ജോയ്‌സ്‌ ജോര്‍ജ്‌,പി ആര്‍ വിജയകുമാര്‍, അഡ്വ. ജയ്‍മോന്‍ തങ്കച്ചന്‍, സാജു പള്ളിവാതുക്കല്‍, വി.ജെ ജോസഫ്‌, ജെയിംസ്‌ പി.റ്റി., റോയ്‌ ചുമ്മാര്‍, ജോസഫ് ജോര്‍ജ്,സജി കാപ്പന്‍, കെ. ആര്‍. വിജയന്‍, ഹരി സി.എന്‍, വി.എന്‍. ഗോപകുമാര്‍ എന്നിവര്‍ ഉള്‍പ്പെടുന്ന 25 അംഗ സ്വാഗതസംഘമാണു് പഠനസദസ്സിനു് നേതൃത്വം നല്കിയതു്.

കൂടുതല്‍ അറിയാന്‍
1. How to prevent cancer semïnaŗ at Koothattukulam
2. വേറെ ചിത്രങ്ങള്‍

Thursday 25 June 2015

കൂത്താട്ടുകുളത്തു്‌ ക്യാന്‍സര്‍ പ്രതിരോധ പഠനസദസ്സ്‌ ജൂണ്‍ 28 ഞായറാഴ്‌ച


കൂത്താട്ടുകുളം — ക്യാന്‍സര്‍ വരാതിരിയ്‌ക്കാന്‍ എന്തുചെയ്യണമെന്നും വന്നാല്‍ എന്തുചെയ്യണമെന്നുമുള്ള വിഷയത്തില്‍ അലോപ്പതി, ആയുര്‍വേദം, പ്രകൃതിജീവനശാസ്‌ത്രം എന്നീ ചികില്‍സാശാഖകളിലെ വിദഗ്‌ദ്ധര്‍ പങ്കെടുക്കുന്ന പഠനസദസ്സ്‌ ജൂണ്‍ 28 ഞായറാഴ്‌ച രാവിലെ ഒമ്പതുമണി മുതല്‍ ഒന്നരവരെ കൂത്താട്ടുകുളം വ്യാപാരഭവന്‍ ഓഡിറ്റോറിയത്തില്‍ നടക്കും. ആര്‍ദ്രത ചാരിറ്റബിള്‍ ട്രസ്‌റ്റിന്റെ ആഭിമുഖ്യത്തിലാണു് പഠനസദസ്സ് സംഘടിപ്പിച്ചിട്ടുള്ളതു്.

ആര്‍ദ്രത ചാരിറ്റബിള്‍ ട്രസ്‌റ്റ്‌ പ്രസിഡന്റ്‌ സി.വി. നീലകണ്‌ഠന്‍ നമ്പൂതിരിയുടെ അദ്ധ്യക്ഷതയില്‍ ശ്രീധരീയം മാനേജിങ്‌ ഡയറക്‌റ്റര്‍ ഡോ. എന്‍.പി.പി. നമ്പൂതിരി പഠനസദസ്സ് ഉദ്‌ഘാടനം ചെയ്യും. അഡ്വ. ജോഷി ജേക്കബ്‌, ഡോ. കെ. ബിനോയ്‌, അഡ്വ ആല്‍ബര്‍ട്ട്‌ മാത്യു എന്നിവര്‍ ആശംസയര്‍പ്പിച്ചു് പ്രസംഗിയ്‌ക്കും. മോഹനന്‍ വൈദ്യര്‍ (ആയുര്‍വേദം), കോട്ടയം മെഡിക്കല്‍ കോളെജിലെ ഡോ.ആന്‍ ജോര്‍ജ്‌ (അലോപ്പതി), എം. കുര്യന്‍ (പ്രകൃതിജീവന ശാസ്‌ത്രം) എന്നിവര്‍ ക്ലാസ്സുകള്‍ നയിയ്‌ക്കും. ഉച്ചയ്ക് ഒന്നരയ്‌ക്കു്‌ ഉച്ചഭക്ഷണത്തോടെ സമാപിയ്‌ക്കും.

പഠനസദസ്സിന്റെ നടത്തിപ്പിനായി സി എ തങ്കച്ചന്‍, പി.സി. മേരി, എബി ജോണ്‍ വന്‍നിലം, ആദിത്യന്‍ നമ്പൂതിരി, പി ആര്‍ വിജയകുമാര്‍, ജോയ്‌സ്‌ ജോര്‍ജ്‌, അഡ്വ. ജയ്‍മോന്‍ തങ്കച്ചന്‍, സാജു പള്ളിവാതുക്കല്‍, വി.ജെ ജോസഫ്‌, ജെയിംസ്‌ പി.റ്റി., റോയ്‌ ചുമ്മാര്‍, ജോസഫ് ജോര്‍ജ്, കെ ആര്‍. വിജയന്‍, ഹരി സി.എന്‍ എന്നിവര്‍ ഉള്‍പ്പെടുന്ന 25 അംഗ സ്വാഗത സംഘം പ്രവര്‍ത്തിയ്‌ക്കുന്നുണ്ടു്‌.



Monday 8 June 2015

ക്യാന്‍സര്‍ പ്രതിരോധ പഠനകളരി: സ്വാഗതസംഘത്തിനു് രൂപം നല്കി

കൂത്താട്ടുകുളം, 2015 ജൂണ്‍ 7 —

ക്യാന്‍സര്‍ വരാതിരിയ്ക്കാന്‍ എന്തുചെയ്യണമെന്നും ക്യാന്‍സര്‍ വന്നാല്‍ എന്തുചെയ്യണമെന്നും വിവിധ ചികില്‍സാശാഖകളിലെ വിദഗ്ധര്‍ വിശദീകരിയ്ക്കുന്ന പഠനകളരി ജൂണ്‍ 28 ഞായറാഴ്ച കൂത്താട്ടുകുളം വ്യാപാരഭവനില്‍ സംഘടിപ്പിയ്ക്കുന്നു. ഇതിനായി കൂത്താട്ടുകുളത്തു് മിസ്പാ സെന്ററില്‍ കൂടിയ ആര്‍ദ്രതാ ചാരിറ്റബിള്‍ ട്രസ്റ്റിന്റെയും കൂത്താട്ടുകുളം പ്രകൃതി ജീവന സമിതിയുടെയും സംയുക്തയോഗം 25 അംഗ സ്വാഗതസംഘത്തിനു് രൂപം നല്കി. സി വി നീലകണ്ഠന്‍ നമ്പൂതിരി പ്രസിഡന്റും പി സി മേരി, പി ആര്‍ വിജയകുമാര്‍ എന്നിവര്‍ വൈസ് പ്രസിഡന്റുമാരും സി എ തങ്കച്ചന്‍ ജനറല്‍ കണ്‍വീനറും എബി ജോണ്‍ വന്‍നിലം, ജോയ്സ് ജോര്‍ജ്, വി എന്‍ ഗോപകുമാര്‍ എന്നിവര്‍ കണ്‍വീനര്‍മാരും ആദിത്യന്‍ നമ്പൂതിരി ഖജാന്‍ജിയും 25 അംഗങ്ങളും അടങ്ങുന്നതാണു് സ്വാഗതസംഘം.

സംയുക്തയോഗത്തില്‍ ആര്‍ദ്രതാ ചാരിറ്റബിള്‍ ട്രസ്റ്റ് പ്രസിഡന്റ് സി വി നീലകണ്ഠന്‍ നമ്പൂതിരി അദ്ധ്യക്ഷതവഹിച്ചു. അഡ്വ.ജോഷി ജേക്കബ്, പി സി മേരി, സി എ തങ്കച്ചന്‍, പി ആര്‍ വിജയകുമാര്‍, ആദിത്യന്‍ നമ്പൂതിരി, ഹരി സി എന്‍, എബി ജോണ്‍ വന്‍നിലം എന്നിവര്‍ സംസാരിച്ചു.

കൂത്താട്ടുകുളത്തു് മിസ്പാ സെന്ററില്‍ 2015 ജൂണ്‍ 7 ആം തീയതി ഞായറാഴ്ച ഉച്ചകഴിഞ്ഞു് കൂടിയ ആര്‍ദ്രതാ ചാരിറ്റബിള്‍ ട്രസ്റ്റിന്റെയും കൂത്താട്ടുകുളം പ്രകൃതി ജീവന സമിതിയുടെയും സംയുക്തയോഗം രൂപം നല്കിയ സ്വാഗതസംഘം.
പ്രസിഡന്റ് : സി വി നീലകണ്ഠന്‍ നമ്പൂതിരി (ഫോണ്‍: 0482 2245877, 9495110485)
വൈസ് പ്രസിഡന്റുമാര്‍ : പി സി മേരി
.                                          : പി ആര്‍ വിജയകുമാര്‍
ജനറല്‍ കണ്‍വീനര്‍ : സി എ തങ്കച്ചന്‍
കണ്‍വീനര്‍മാര്‍ : എബി ജോണ്‍ വന്‍നിലം
                          : ജോയ്സ് ജോര്‍ജ്,പാലക്കുഴ ഹയര്‍ സെക്കന്ററി സ്കൂള്‍
                          : വി എന്‍ ഗോപകുമാര്‍
ഖജാന്‍ജി : ആദിത്യന്‍ നമ്പൂതിരി
സ്വാഗതസംഘത്തിലെ മറ്റ് അംഗങ്ങള്‍:
അഡ്വ. ജോഷി ജേക്കബ്
അഡ്വ. ജയ്‍മോന്‍ തങ്കച്ചന്‍
അഡ്വ. ആല്‍ബര്‍ട് മാത്യു
സാവിത്രി അന്തര്‍ജനം
ഹരി സി. എന്‍.
ബിജു എം. വി.
പ്രമോദ് ആര്‍. കൈപ്പിരിക്കല്‍
ബിജു സി.എ., പാലക്കുഴ
ജോസഫ് ജോര്‍ജ് കളത്തില്‍
അഡ്വ. രമേശ് , വെളിയന്നൂര്‍
കെ ജെ ജോര്‍ജ്
റോബിന്‍ കൊരണ്ടിപ്പിള്ളി
ജോസ് ആറാഞ്ചേരി
സാജു,പള്ളിവാതുക്കല്‍ (മുണ്ടയ്ക്കല്‍)
ജെയിംസ് പി.റ്റി.
ജോളിമോന്‍
ജോസഫ് വി ജെ
കരുണാകരന്‍ ആറുകാലില്‍
ജോസ് മാത്യു വേളാശേരി
ജിതിന്‍ കെ ജെ, കൊച്ചുപാറയില്‍,കിഴകൊമ്പു്
രതീഷ് കല്ലമ്പിള്ളി
റോയി ചുമ്മാര്‍ നരിപ്പാറയില്‍
ബാബു കു‍ട്ടംതടം
കെ ആര്‍ വിജയന്‍ പണ്ടപ്പള്ളി
സജി കാപ്പന്‍

Friday 5 June 2015

ക്യാന്‍സര്‍ വരാതിരിക്കാന്‍ എന്തു ചെയ്യണം?



ക്യാന്‍സര്‍ വന്നാല്‍ എന്തു ചെയ്യണം?


സമ്പൂര്‍ണ പഠന സദസ്സ്
കൂത്താട്ടുകുളം വ്യാപാരഭവനില്‍
2015 ജൂണ്‍ 28 ഞായര്‍ രാവിലെ 9.30 മുതല്‍ 1.30 വരെ


ഉദ്ഘാടനം: ശ്രീ. എന്‍ പി പി നമ്പൂതിരി(ശ്രീധരീയം മാനേജിങ്‌ ഡയറക്‌റ്റര്‍ )

ക്ലാസ്സുകള്‍ :
ശ്രീ. മോഹനന്‍ വൈദ്യര്‍, ചേര്‍ത്തല - ആയുര്‍വ്വേദം
ശ്രീമതി. ഡോ. ആന്‍ ജോര്‍ജ്‌, കോട്ടയം മെഡിക്കല്‍ കോളേജ്‌
ശ്രീ. എം കുര്യന്‍, കോട്ടയം - പ്രകൃതി ജീവന ശാസ്‌ത്രം

സുഹൃത്തുക്കളേ,
ആര്‍ദ്രത ചാരിറ്റബിള്‍ ട്രസ്റ്റിന്റെ സാമൂഹിക പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ജൂണ്‍ 28-നു് അര്‍ബുദ രോഗത്തെ നേരിടാനുള്ള പഠനസദസ്സ്‌ സംഘടിപ്പിക്കുകയാണ്‌.
ആധുനിക വൈദ്യ ശാസ്‌ത്രത്തിന്‌ കീഴ്‌പ്പെടുത്തുവാന്‍ കഴിയാത്ത രീതിയില്‍ അര്‍ബുദം അതിന്റെ മുഴുവന്‍ ഭീകരതയും പുറത്തുകാട്ടി മനുഷ്യ ജീവന്‌ വെല്ലുവിളിയായി താണ്ഡവനൃത്തമാടുന്ന ഒരു കാലഘട്ടമാണിത്‌. ഇന്ത്യയില്‍ ഓരോ വര്‍ഷവും പത്ത് ലക്ഷത്തോളം പേര്‍ അര്‍ബുദ ബാധിതരാകുന്നുണ്ടെന്നാണ് കണക്കുകള്‍. ഇവരില്‍ തന്നെ ആറു ലക്ഷം മുതല്‍ ഏഴ് ലക്ഷത്തോളം പേരാണ് ഓരോ വര്‍ഷവും രോഗം മുതല്‍ മരണമടയുന്നത്. മരണത്തെ മുന്നില്‍ കണ്ട്‌ ജീവിക്കുന്ന അര്‍ബുദ രോഗികളും ചികിത്സാ ചെലവിനാല്‍ സാമ്പത്തിക നില താളം തെറ്റിയ അവരുടെ കുടുംബങ്ങളും കേരളത്തിലിന്നു് വേദനിപ്പിക്കുന്ന നിത്യകാഴ്‌ചയായിരിയ്ക്കുന്നു.
ഇന്ന്‌ നാം ഏവരും ക്യാന്‍സറിന്റെ നിഴലിലാണ്‌. ജീവിതശൈലിയിലുണ്ടാകുന്ന വ്യതിയാനങ്ങളും പാരിസ്ഥിതിക മാറ്റങ്ങളുമാണ് അര്‍ബുദം വര്‍ദ്ധിക്കാനുള്ള കാരണമായി ചൂണ്ടിക്കാണിക്കുന്നത്. ആരംഭത്തിലാണെങ്കില്‍ ചികില്‍സിച്ചു ഭേദമാക്കാം.
രോഗം വരാതിരിക്കാനുള്ള സാഹചര്യമൊരുക്കാന്‍ ആരും ശ്രദ്ധിക്കാറില്ല. രോഗം വന്നു കഴിയുമ്പോള്‍ ചികിത്സിച്ച് മാറ്റാനാണ് കേരളീയര്‍ക്ക് താല്‍പര്യം. രോഗം വന്നിട്ടു് ചികിത്സിക്കുന്നതിനേക്കാള്‍ നല്ലതു് രോഗം വരാതെ സൂക്ഷിക്കുന്നതല്ലേ?
ഈ പഠനസദസ്സ്‌ ഇതിലേക്ക്‌ സഹായകരമാകുമെന്ന്‌ പങ്കെടുക്കുന്നവര്‍ക്ക്‌ ബോധ്യമാകും. അതുപോലെ രോഗം വന്നവര്‍ക്കും മറ്റെങ്ങും ലഭിക്കാത്ത ആശ്വാസകരമായ അറിവ്‌ ലഭിക്കും. അലോപ്പതി, ആയുര്‍വ്വേദം, പ്രകൃതി ശാസ്‌ത്രം എന്നീ വ്യത്യസ്‌ത വൈദ്യശാസ്‌ത്ര ശാഖകളിലെ പ്രഗത്ഭരായവര്‍ ക്ലാസ്സ്‌ നയിക്കുന്നു.
ആരോഗ്യപ്രദാനമായ ഉച്ചഭക്ഷണത്തോടെ അവസാനിക്കുന്ന ഈ ക്യാന്‍സര്‍ സമ്പൂര്‍ണ്ണ പഠനക്ലാസ്സില്‍ കുടുംബസമേതം പങ്കെടുത്ത്‌ അവസരം പ്രയോജനപ്പെടുത്താന്‍ എല്ലാവരെയും ക്ഷണിക്കുന്നു.
എന്ന്‌,
 സ്വാഗതസംഘത്തിനു വേണ്ടി,
സി വി നീലകണ്ഠന്‍ നമ്പൂതിരി (പ്രസിഡന്റ്)
പി സി മേരി, പി ആര്‍ വിജയകുമാര്‍ (വൈസ് പ്രസിഡന്റുമാര്‍)
സി എ തങ്കച്ചന്‍ (ജനറല്‍ കണ്‍വീനര്‍)
എബി ജോണ്‍ വന്‍നിലം, ജോയ്സ് ജോര്‍ജ്,
വി എന്‍ ഗോപകുമാര്‍ (കണ്‍വീനര്‍മാര്‍)
ആദിത്യന്‍ നമ്പൂതിരി (ഖജാന്‍ജി)


Sunday 21 April 2013

സൗജന്യ വസ്‌ത്ര വിതരണം ഉദ്ഘാടനം ചെയ്‌തു

സൗജന്യ വസ്‌ത്ര വിതരണം നവജീവന്‍ മാനേജിംഗ് ട്രസ്റ്റി പി.യു. തോമസ്‌ ഉദ്ഘാടനം ചെയ്യുന്നു

കോട്ടയം,ഏപ്രില്‍ 17: ആര്‍ദ്രത ചാരിറ്റബിള്‍ ട്രസ്‌റ്റിന്റെ ആഭിമുഖ്യത്തില്‍ മെഡിക്കല്‍ കോളേജ്‌ കുട്ടികളുടെ ആശുപത്രിക്കു സമീപം ബാബൂസ്‌ ഹോട്ടലില്‍ ആരംഭിച്ച നിര്‍ധനര്‍ക്കുള്ള സൗജന്യ വസ്‌ത്ര വിതരണം നവജീവന്‍ മാനേജിംഗ് ട്രസ്റ്റി പി.യു. തോമസ്‌ ഉദ്ഘാടനം ചെയ്‌തു.

ആര്‍ദ്രത ചാരിറ്റബിള്‍ ട്രസ്‌റ്റ്‌ ചെയര്‍മാന്‍ സി.വി. നീലകണ്‌ഠന്‍ നമ്പൂതിരി അദ്ധ്യക്ഷത വഹിച്ചു. മെഡിക്കല്‍ കോളേജ്‌ ആശുപത്രി സൂപ്രണ്ട്‌ ഡോ. ടിജി തോമസ്‌ ജേക്കബ്‌, കുട്ടികളുടെ ആശുപത്രി സൂപ്രണ്ട്‌ ഡോ. വി. സവിത, ജിം അലക്‌സ്‌, ജോഷി ജേക്കബ്‌, എം. കുര്യന്‍, എബി ജോണ്‍ വന്‍നിലം, ജയ്‌മോന്‍ തങ്കച്ചന്‍ എന്നിവര്‍ പ്രസംഗിച്ചു. സാമ്പത്തികമായി ബുദ്ധിമുട്ട്‌ അനുഭവിക്കുന്നവരെ ഉദ്ദേശിച്ചാണ്‌ സൗജന്യ വസ്‌ത്ര വിതരണം നടത്തുന്നത്‌.

വിവരങ്ങള്‍ക്ക്‌ : ആല്‍ബര്‍ട്ട്‌ മാത്യു, 9447464099

മലയാള മനോരമ, 2013 ഏപ്രില്‍ 20 ശനിയാഴ്ച

നവജീവൻ ട്രസ്റ്റ്‌ സാരഥി പി. യു. തോമസ്
അശരണരും ആലംബഹീരുമായ ആളുകള്‍ക്കായി കോട്ടയം നവജീവന്‍ ട്രസ്റ്റിന്റെ ത്യേത്വത്തില്‍ മഹത്തായ ജീവകാരുണ്യ പ്രവര്‍ത്തങ്ങള്‍ പി.യു തോമസ് നടത്തി വരുന്നു . കോട്ടയം മെഡിക്കല്‍ കോളേജിലെ അറ്റന്‍ഡര്‍ തസ്തികയില്‍ ജോലി ചെയ്തിരുന്ന പി.യു തോമസ് നവജീവന്‍ ട്രസ്റ്റ് വഴിയായി പാവപ്പെട്ട രോഗികള്‍ക്ക് ചികിത്സാ സഹായം, ആഹാരം, വസ്ത്രം, മരുന്നുകള്‍ എന്നിവ ല്‍കുന്നതോടൊപ്പം തെരുവിലും വഴിയോരത്തുമായി അലഞ്ഞു നടക്കുന്ന മാനസിക രോഗികളെയും ഉപേക്ഷിക്കപ്പെട്ടവരെയും പുരധിവസിപ്പിക്കുന്നതിലൂടെ സാമൂഹിക സേവത്തിന്റെ ഉദാത്തമായ മാതൃകയാണ് പൊതു സമൂഹത്തിന് പകര്‍ന്നു് നല്‍കുന്നതു്.