Sunday, 28 June 2015

ക്യാന്‍സര്‍ പ്രതിരോധ പഠനസദസ്സ്‌ നടന്നു

ആര്‍ദ്രത ചാരിറ്റബിള്‍ ട്രസ്‌റ്റിന്റെയും പ്രകൃതിജീവന സമിതിയുടെയും സംയുക്ത ആഭിമുഖ്യത്തില്‍‌ വിവിധ ചികില്‍സാശാഖകളിലെ വിദഗ്‌ദ്ധര്‍ പങ്കെടുത്ത ക്യാന്‍സര്‍ പ്രതിരോധ പഠനസദസ്സ്‌ കൂത്താട്ടുകുളം വ്യാപാരഭവന്‍ ഓഡിറ്റോറിയത്തില്‍‌ ശ്രീധരീയം മാനേജിങ്‌ ഡയറക്‌റ്റര്‍ ഡോ. എന്‍.പി.പി. നമ്പൂതിരി ഉദ്‌ഘാടനം ചെയ്യുന്നു. ഡോ. കെ. ബിനോയ്‌ ,ഡോ. മെറീന രാജന്‍ ജോസഫ് ,എബി ജോണ്‍ വന്‍നിലം, സി എ തങ്കച്ചന്‍,സി.വി. നീലകണ്‌ഠന്‍ നമ്പൂതിരി,മോഹനന്‍ വൈദ്യര്‍, പി.ആര്‍. വിജയകുമാര്‍ എന്നിവര്‍ സമീപം.


കൂത്താട്ടുകുളം, 2015 ജൂണ്‍ 28--
ക്യാന്‍സറും വൃക്കരോഗങ്ങളും പോലുള്ള രോഗങ്ങളേറിവരുന്നതിനു് ജീവിതശൈലി കാരണമായിവരുന്നുവെന്ന അവബോധമുണ്ടാക്കേണ്ടതു്‌ അനിവാര്യമായിരിയ്‌ക്കുകയാണെന്നു്‌ ശ്രീധരീയം മാനേജിങ്‌ ഡയറക്‌റ്റര്‍ ഡോ. എന്‍.പി.പി. നമ്പൂതിരി പ്രസ്‌താവിച്ചു. ക്യാന്‍സര്‍ വരാതിരിയ്‌ക്കാന്‍ എന്തുചെയ്യണമെന്നും വന്നാല്‍ എന്തുചെയ്യണമെന്നുമുള്ളവിഷയത്തില്‍ അലോപ്പതി ആയുര്‍വേദം പ്രകൃതിജീവനശാസ്‌ത്രം എന്നീ ചികില്‍സാശാഖകളിലെ വിദഗ്‌ദ്ധര്‍ പങ്കെടുത്ത പഠനസദസ്സ്‌ കൂത്താട്ടുകുളം വ്യാപാരഭവന്‍ ഓഡിറ്റോറിയത്തില്‍ ഉദ്‌ഘാടനം ചെയ്‌തു് സംസാരിയ്ക്കുകയായിരുന്നു അദ്ദേഹം. ആര്‍ദ്രത ചാരിറ്റബിള്‍ ട്രസ്‌റ്റിന്റെയും പ്രകൃതിജീവന സമിതിയുടെയും സംയുക്ത ആഭിമുഖ്യത്തിലായിരുന്നു‌ പഠനസദസ്സ്‌‌.

ആധുനിക നാഗരികതയും വന്‍കിട വ്യവസായങ്ങളും വ്യവസായമാലിന്യങ്ങളും മനുഷ്യനെയും മറ്റു ജീവജാലങ്ങളെയും ദോഷകരമായി ബാധിയ്‌ക്കുന്നതിന്റെ ഉദാഹരണമാണു്‌ ക്യാന്‍സര്‍ കൂടിവരുന്നതെന്നു്‌ ദേശീയ കിസാന്‍ സമന്വയ സമിതിയംഗവും കേരള കര്‍ഷകമുന്നണി അദ്ധ്യക്ഷനുമായ അഡ്വ. ജോഷി ജേക്കബ്‌ പറഞ്ഞു. പലവശങ്ങളിലൂടെ കാണുമ്പോഴാണു് അര്‍ബുദ രോഗത്തെ നേരിടേണ്ടതിന്റെ ശരിയായ ചിത്രം കിട്ടുന്നതെന്നു് ഡോ. കെ. ബിനോയ്‌ പറഞ്ഞു‌.

മോഹനന്‍ വൈദ്യര്‍ (ആയുര്‍വേദം), കോലഞ്ചേരി മെഡിക്കല്‍ കോളെജിലെ പ്രിവന്റീവ്‌ മെഡിസിന്‍ പ്രൊഫസര്‍ ഡോ. മെറീന രാജന്‍ ജോസഫ് (അലോപ്പതി), എം. കുര്യന്‍ (പ്രകൃതിജീവന ശാസ്‌ത്രം) എന്നിവര്‍ ക്ലാസ്സുകള്‍ നയിച്ചു. എന്നും എല്ലാവരിലും ക്യാന്‍സര്‍ കോശങ്ങളുണ്ടാകുകയും വിഭജിച്ചുകൊണ്ടിരിയ്‌ക്കുകയും ചെയ്യുന്നുവെന്നും രോഗപ്രതിരോധശേഷികുറയുമ്പോഴാണു്‌ രോഗമായ ക്യാന്‍സറായി അതു്‌ മാറുന്നതെന്നും ഡോ. മെറീന രാജന്‍ ജോസഫ് പറഞ്ഞു‌. ജീവിതശൈലിയില്‍ വന്ന വ്യത്യാസം കൊണ്ടു്‌ ക്യാന്‍സര്‍ രോഗം കൂടിയിട്ടുണ്ടു്‌. മുമ്പ്‌ പ്രായമായവരിലായിരുന്നുവെങ്കില്‍ ഇപ്പോള്‍ കുട്ടികളിലും കാണപ്പെടുന്നുവെന്ന മാറ്റമുണ്ടു്‌. ആരോഗ്യകരമായ ജീവിതശൈലിയും ഭക്ഷണശൈലിയും സ്വീകരിയ്‌ക്കുന്നതു്‌ രോഗപ്രതിരോധശേഷി വര്‍ദ്ധിപ്പിയ്‌ക്കും, അവര്‍ ചൂണ്ടിക്കാട്ടി.

മായവും വിഷവും കലര്‍ന്ന ഭക്ഷണം നിരന്തരം കഴിയ്ക്കുന്നതു് അര്‍ബുദരോഗികള്‍ ഏറിവരാന്‍ കാരണമാകുന്നുവെന്നു് മോഹനന്‍ വൈദ്യര്‍ (ചേര്‍ത്തല) വ്യക്തമാക്കി‌. എല്ലാവരും കൃഷിയാരംഭിയ്ക്കുകയല്ലാതെ വഴിയില്ല. ആയുര്‍വേദ മരുന്നുകളില്‍ പോലും മായവും വ്യാജനുമുണ്ടു്, അദ്ദേഹം എടുത്തുപറഞ്ഞു. ഭക്ഷണരീതികള്‍, ജീവിതചര്യകള്‍, സാഹചര്യങ്ങള്‍, പാചകമുറകള്‍, പാത്രങ്ങള്‍ എന്നിവശ്രദ്ധിച്ചാല്‍ ക്യാന്‍സര്‍ സാദ്ധ്യത നല്ലൊരളവുവരെ കുറയ്ക്കാന്‍ കഴിയുമെന്നു് എം. കുര്യന്‍ (കോട്ടയം) പറഞ്ഞു‌. അലുമിനിയം പാത്രങ്ങളില്‍ പാചകം പാടില്ലെന്നും ഉപ്പ്, പുളി, മോര്, തൈര് എന്നിവ സ്റ്റീല്‍ പാത്രങ്ങളില്‍ ഉപയോഗിയ്ക്കരുതെന്നും കല്‍ചട്ടികളും മണ്‍‍പാത്രങ്ങളുമാണു് നല്ലതെന്നും അദ്ദേഹം വിശദീകരിച്ചു.

ആര്‍ദ്രത ചാരിറ്റബിള്‍ ട്രസ്‌റ്റ്‌ പ്രസിഡന്റ്‌‌ സി.വി. നീലകണ്‌ഠന്‍ നമ്പൂതിരിഅദ്ധ്യക്ഷത വഹിച്ചു. ഡോ. സേതുരാമന്‍ (മധുര), സി എ തങ്കച്ചന്‍,പി.സി. മേരി, എബി ജോണ്‍ വന്‍നിലം, ആദിത്യന്‍ നമ്പൂതിരി, പി.ആര്‍. വിജയകുമാര്‍, അഡ്വ. ജയ്‌മോന്‍ തങ്കച്ചന്‍ എന്നിവര്‍ സംസാരിച്ചു. പാലക്കുഴ ഗവണ്‍മെന്റ് ഹയര്‍ സെക്കന്ററി സ്കൂളിലെ വിദ്യാര്‍ത്ഥികള്‍ പ്രാരംഭ പ്രാര്‍ത്ഥനാഗീതം ആലപിച്ചു. അവിടത്തെ നാഷണല്‍ സര്‍വീസ് സ്കീം വോളന്റിയര്‍മാര്‍ പരിപാടിയില്‍ സഹകരിച്ചു. ഉച്ചഭക്ഷണത്തോടെ സമാപിച്ചു.

സി.എ. തങ്കച്ചന്‍, പി.സി. മേരി, എബി ജോണ്‍ വന്‍നിലം, ആദിത്യന്‍ നമ്പൂതിരി, ജോയ്‌സ്‌ ജോര്‍ജ്‌,പി ആര്‍ വിജയകുമാര്‍, അഡ്വ. ജയ്‍മോന്‍ തങ്കച്ചന്‍, സാജു പള്ളിവാതുക്കല്‍, വി.ജെ ജോസഫ്‌, ജെയിംസ്‌ പി.റ്റി., റോയ്‌ ചുമ്മാര്‍, ജോസഫ് ജോര്‍ജ്,സജി കാപ്പന്‍, കെ. ആര്‍. വിജയന്‍, ഹരി സി.എന്‍, വി.എന്‍. ഗോപകുമാര്‍ എന്നിവര്‍ ഉള്‍പ്പെടുന്ന 25 അംഗ സ്വാഗതസംഘമാണു് പഠനസദസ്സിനു് നേതൃത്വം നല്കിയതു്.

കൂടുതല്‍ അറിയാന്‍
1. How to prevent cancer semïnaŗ at Koothattukulam
2. വേറെ ചിത്രങ്ങള്‍

No comments:

Post a Comment